ഈ ബ്ലോഗ് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കെത്തിക്കാന്‍

Monday, April 5, 2010

മൈ ഊളന്‍പാറന്‍ ഡേയ്സ് (1)

"ഈ ഊളന്‍ പാറ പാറാന്നു കേട്ടിട്ടുണ്ടോ ?" എന്നുള്ള അമ്മയോടുള്ള എന്റെ ചോദ്യത്തിനു 'ദാ യിപ്പ കേട്ടു' എന്നു വളരെ സിമ്പിളായി ഉത്തരം പറഞ്ഞുകൊണ്ട് എന്റെ സ്വന്തം അമ്മൂമ്മ അതു വഴി കടന്നു പോയി. കൊല്ലും ഞാന്‍ . എന്നെയൊന്നു സീരിയസ് ആകാനും ഇവിടെ ആരും സമ്മതിക്കില്ലാന്നു വച്ചാല്‍ ! ഞാന്‍ വീണ്ടും അമ്മയോട്,

"അമ്മാ വര്‍ഷത്തിലൊരിക്കലുള്ള ക്യാമ്പാ...അതിനു പോയില്ലാന്നു വച്ചാല്‍ .." ഞാന്‍

"ഒന്നും പറ്റില്ല...പത്തു ദിവസം ..അതും ഊളന്‍ പാറയില്‍ ...പോയി പണി നോക്കെട" അല്ലേലും ഈ അമ്മമാര്‍ ഇങ്ങനെയാ.

"അമ്മാ പത്തു ദിവസം ദാന്നു പറഞ്ഞു പോകില്ലേ...അതു കഴിഞ്ഞ് ഞാനിങ്ങു തിരിച്ചു വരില്ലേ" അമ്മയെ ഞാന്‍ ആശ്വസിപ്പിച്ചു.

"നീ തിരിച്ചു വന്നില്ലേലും സാരില്ല....പക്ഷെ നീ എവിടാന്ന് ആള്‍ക്കാരു ചോദിച്ചാല്‍ ഞാന്‍ എന്തോ പറയും ...ഊളന്‍ പാറയിലാണെന്നോ?" വാട്ട് ദ ഹെല്‍ !!

ഓഹോ..അപ്പൊ ലതാണു കാര്യം . അല്ലാതെ എന്നെ മാറി നില്‍ക്കുന്നതുകൊണ്ടുള്ള വിഷമമല്ല !

"ഹും ...എങ്കി ഞാന്‍ അപ്പച്ചീടെ വീട്ടിലാണെന്നു പറഞ്ഞാല്‍ മതി " ഞാന്‍ അമ്മയ്ക് മുന്നില്‍ ഒരു സൊലൂഷന്‍ ഇട്ടു.

അങ്ങനെ ഒരു വിധം അമ്മയേയും അമ്മൂമ്മയേയും ചേച്ചിയേയും ചേട്ടനേയും സമ്മതിപ്പിച്ച് (വീട്ടില്‍ വേറെയുള്ളതൊരു പട്ടിയ...ആ നായിന്റെ മോനെ എനിക്ക് പണ്ടേ ഇഷ്ടമല്ല...സൊ അവനോട് അനുവാദം വാങ്ങണ്ട !) ഞാന്‍ എന്റെ സ്ഥാവര ജംഗമ വസ്തുക്കള്‍ പാക്ക് ചെയ്യാന്‍ തുടങ്ങി.

അങ്ങനെ ഒരു സുപ്രഭാതത്തില്‍ ഞാന്‍ എന്റെ പെട്ടിയും പാണ്ടവുമായി സര്‍ക്കാറിന്റെ സ്വന്തം വണ്ടിയില്‍ പോളി ടെക്നിക്കിലേയ്ക്ക് യാത്രയായി.പോളിയില്‍ ചെന്നിറങ്ങിയ എന്റെ കണ്ണിനു കുളിരണിയിച്ചുകൊണ്ട് സുമയും ദേവിയും അവരവരുടെ പാണ്ടക്കെട്ടുകളുമായി നില്‍ക്കുന്നു (അമ്മയോട് പൊരുതിയതിനു ഫലമുണ്ടായി!).

എല്ലാ അവളുമാരുടെയും അമ്മയും അച്ചനും കൂടെയുണ്ട്. അവരുടെ മുഖഭാവം കണ്ടാല്‍ തോന്നും വല്ല ഉഗാണ്ടയിലോ മറ്റോ ആണു ക്യാമ്പെന്ന്.എല്ലാ അച്ചന്‍മാരുടെയും മുഖത്ത് 'മോളേ ശ്രദ്ധിച്ചോണം ...പ്രത്യേകിച്ച് ദോ ലവനെ' എന്ന ഭാവം .ഞാന്‍ പതുക്കെ അവിടുന്നു വലിഞ്ഞു.ഇക്കാര്യത്തില്‍ ഞങ്ങള്‍ ആണുങ്ങള്‍ ഭാഗ്യവാന്‍മാരാ.എവിടേലും പൊകണമെങ്കില്‍ എന്താണൊ എന്തോ ഒരു ഉപദേശവും ആരും തരാറില്ല. ഉപദേശിച്ചിട്ടു കാര്യമില്ല എന്നു തോന്നിയതു കൊണ്ടാവും . വല്ലപ്പോഴും കിട്ടുന്ന ഉപദേശം 'ടാ ട്രെയിനില്‍ കയറുമ്പൊ ബാഗിനകത്ത് കാലു വച്ച് കിടന്നുറങ്ങണം , ടോയിലറ്റില്‍ മാക്സിമം സമയം ഇരിക്കണം , കാശു മുതലാക്കാനുള്ളതാ' തുടങ്ങിയ രീതിയിലുള്ളതയിരിക്കും .

"എല്ലാരും ഇങ്ങു വന്നേ.." വേലപ്പന്‍ സാറിന്റെ ശബ്‌ദം .

ഞങ്ങളെല്ലാരും സാറിനു ചുറ്റും കൂടി.

"അതേ...ഇത്തവണ നമ്മുടെ ക്യാമ്പ് ഊളന്‍ പാറ മാനസികാരോഗ്യ കേന്ദ്രത്തിലാ...അവിടെ പല തരത്തിലുള്ള ആള്‍ക്കാരെ കാണേണ്ടി വരും .. ഇതൊരു നല്ല അനുഭവമായി മാറണം ക്യാമ്പ് തീരുമ്പൊ...പിന്നെ എന്നും മൂന്നു മണീ വരയേ വര്‍ക്ക് ഉണ്ടാകു...അതു കഴിഞ്ഞാല്‍ കല്‍ച്ചറല്‍ പ്രോഗ്രാംസായിരിക്കും .. മനസ്സിനു സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ ചെയ്യണം ....അപ്പൊ എല്ലാരും ബസിലോട്ട് കേറിക്കേ.." സാര്‍ നിര്‍ത്തി.

ഞങ്ങളെല്ലാരും ബസില്‍ കയറി. ഈ ലോകത്തെവിടെ ആയാലും മലയാളികള്‍ക്ക് ജന്‍മനാ കിട്ടുന്ന ഒരുസ്വഭാവമാണു
ഒരു കാര്യവുമില്ലാതെ തിക്കിത്തിരക്കി കളിക്കുക എന്നത്. രണ്ടു പേരേ ആകെയുള്ളു എങ്കിലും ചുമ്മ തള്ളിക്കളയും !

ഒടുവില്‍ ഉണ്ണിയുടെ വിങ്സിനും സുമയുടെ ഷോളിനുമിടയില്‍ പെട്ട് ഞാന്‍ ബസിനകത്തെത്തി.ഗ്രഹണി പിടിച്ച പിള്ളേര്‍ ചക്കപ്പഴം കണ്ട പോലെ ഒരു അറ്റാക്കല്ലായിരുന്നോ സീറ്റിനു വേണ്ടി. എന്റെ രണ്ടു വലിയ ബാഗുകളില്‍ ഒന്ന് , ഞാന്‍ ഇരിക്കാന്‍ പോയ സീറ്റില്‍ കുളക്കോഴി രാജ് മോഹന്‍ ഇരുന്നതിനാല്‍ അവന്റെ മടിയില്‍ കൊണ്ടിട്ടു.

"ഇതെന്തോന്നാടാ...നീ പാറക്കല്ലും കൊണ്ടാണോ വന്നിരിക്കുന്നെ? " ലവന്‍

"അതൊക്കെ അവിടെ ചെന്നിട്ടു പറയാം " ഞാന്‍ അവന്റെ കയ്യില്‍ നിന്നും ബാഗ് വാങ്ങി മുകളില്‍ വച്ചു.

"ദേവീ...ബാഗ് വയ്ക്കാന്‍ സഹായിക്കണോ..?" ഉണ്ണി. കുനിഞ്ഞൊരു സൂചിയെടുക്കാത്തവന്‍ , ഇപ്പൊ സഹായിക്കാന്‍ മുട്ടി നില്‍ക്കുന്നു.

"ടാ നിന്നെ സാറു വിളിക്കുന്നു...ഇറങ്ങിനോക്ക്.." ഞാന്‍ ഒരു നമ്പര്‍ ഇറക്കി.

"ദേവീ ഞാന്‍ വച്ചു തരാം " ഉണ്ണി പുറത്തേയ്ക്ക് തലയിട്ടു നോക്കിയതും ഞാന്‍ ദേവിയുടെ ബാഗ് വാങ്ങി മുകളില്‍ വച്ചിരുന്നു.

ദേവിയുടെ ബാഗ് മുകളിലെത്തിയതു കണ്ട ഉണ്ണി, വേറെ ബാഗിനായി ചുറ്റും തപ്പി. സുമയുടെയും അഖിലയുടെയുമൊക്കെ ബാഗുകള്‍ ഈയുള്ളവന്‍ ആദ്യമേ മുകളില്‍ കയറ്റിരുന്നു !

"ഇന്നാ...നിനക്കു മുട്ടി നിക്കുവല്ലേ...ഇതു മുകളിലോട്ട് വയ്ക്ക്.." ഞാന്‍ എന്റെ രണ്ടാമത്തെ ബാഗ് എടുത്ത് ഉണ്ണിയുടെ നേരേ നീട്ടി.

"!@#$%^&*(()*(%%" ഇത്രയും അവന്‍ സ്നേഹത്തില്‍ ചാലിച്ച് എന്റെ ചെവിയിലോട്ടിട്ട് തന്നതിനാല്‍ ആ ബാഗ് ഞാന്‍ തന്നെ കയറ്റി.

"എന്താടാ നീ കഴിഞ്ഞയാഴ്‌ച കളിക്ക് വരാത്തെ..?" ഞാന്‍ ഉണ്ണിയോട്.അവന്‍ ക്ളാസ്സില്‍ വന്നില്ലേലും സാരില്ല. ബട്ട്, കളിക്ക് എത്തിയേ പറ്റു.

"ഒട്ടും വയ്യായിരുന്നളിയാ..ഡോക്‌ടറെ കാണാന്‍ പോയി" ലവന്‍

"ഡോക്‌ടര്‍ക്കിപ്പൊ എങ്ങനുണ്ട്?" ഞാന്‍

"എന്തോന്ന്..?" ലവന്‍

"ടാ..നീയൊക്കെ ഡോക്‌ടറെ കാണാന്‍ പോയാല്‍ പുള്ളിക്കും കൂടി വരും അസുഖം " ഞാന്‍

എല്ലാരും അവരവരുടെ സീറ്റിലിരുന്നു. ബസ് നീങ്ങിത്തുടങ്ങി. വേലപ്പന്‍ സാര്‍ മുന്നില്‍ തന്നെയുണ്ട്.പേരൂര്‍ക്കട കഴിഞ്ഞു രാവിലെ എട്ടു മണിയോടെ തന്നെ ഞങ്ങളുടെ ബസ് ഒരു പടുകൂറ്റന്‍ ചുറ്റുമതിലിലെ ഒരു വലിയ ഗേറ്റിനു മുന്നില്‍ നിര്‍ത്തി.

"ഡെയ്..എണിയെണി...സ്ഥലമെത്തി..." ഉറങ്ങി ഇരുന്നിരുന്ന ഉണ്ണിയ തട്ടിയുണര്‍ത്തി ഞാന്‍ .

ഒന്നും മനസ്സിലാകാതെ അവന്‍ കണ്ണും മിഴിച്ചിരുന്നു.

"എല്ലാര്‍ക്കുമിറങ്ങാം " വേലപ്പന്‍ സാര്‍

ഞങ്ങളോരോരുത്തരായി ബാഗുമായി ബസില്‍ നിന്നിറങ്ങി.ഇറങ്ങിയുടനെ കുളക്കോഴി നേരെ അടുത്തുള്ള ചായക്കടയിലേയ്ക്ക് പോയി.പിറകേ ഞാനും ഉണ്ണിയും .

ഞാന്‍ പെട്ടെന്നു നിന്നു.

"അതേ നിങ്ങള്‍ക്ക് ചായ വല്ലതും വേണേല്‍ വാ...ഇന്നു കുളക്കോഴീടെ ചിലവാ" ഞാന്‍

കേള്‍ക്കേണ്ട താമസം അതുവരെ വലിയ മാന്യകളായി നിന്നിരുന്ന എല്ല ചെല്ലക്കിളികളും മൂടും പറിച്ചിങ്ങു വന്നു.
എന്റെ ഒരൊറ്റ ഡയലോഗിന്റെ പുറത്ത് പത്തുമൊന്നൂറു രൂപ കീറിയ കുളക്കോഴി വിളിച്ച തെറികളൊക്കെ എന്റെ
ഒരു കാതില്‍ കൂടി മറ്റേതില്‍ കൂടി ഇറങ്ങിപ്പോയി. തലയ്ക്കകത്തൊന്നുമില്ലെങ്കില്‍ ഇതാണുപയോഗം ! പക്ഷെ എന്റെ ശ്രദ്ധ മുഴുവനും ആ അടഞ്ഞു കിടന്നിരുന്ന വലിയ ഗേറ്റിലായിരുന്നു.

ഏതു തരം ലോകമായിരിക്കും അതിനുള്ളില്‍ ??

കൊച്ചുവെളുപ്പാന്‍കാലത്ത് തട്ടുകടയില്‍ നിന്നൊരു ചായ കുടിക്കുന്നതിന്റെ സുഖം ഒന്നു വേറെയാ.

"ചായകുടിയൊക്കെ കഴിഞ്ഞെങ്കില്‍ നമുക്കകത്തേയ്ക്ക് കയറാം ..ഇനീം താമസിച്ചാല്‍ അകത്തു നല്ല തിരക്കാവും " വേലപ്പന്‍ സാര്‍

അങ്ങനെ ഈ ഞാനുള്‍പ്പടെ 40 പേരടങ്ങുന്ന സംഘം ആ ഗേറ്റിനു മുന്നില്‍ കൂടി. വേലപ്പന്‍ സാര്‍ ആര്‍ക്കോ ഫോണ്‍ ചെയ്തു.പെട്ടെന്ന് അകത്തു നിന്നും ആരോ ആ വലിയ ഗേറ്റ് തുറന്നു. തള്ളക്കോഴിയുടെ പിന്നാലെ
കോഴിക്കുഞ്ഞുങ്ങള്‍ വര്വരിയായി പോകുന്ന പോലെ വേലപ്പന്‍ സാരിന്റെ പിന്നിലായി ഞങ്ങളെല്ലാവരും അകത്തേയ്ക്കു കടന്നു.

വൌ...ഒരു വലിയ ആല്‍മരം . അതിന്റെ വിസ്തൃതിയാര്‍ന്ന ചുവട്ടില്‍ വെള്ള ഡ്രസ്സുമിട്ട് കുറച്ചാള്‍ക്കാര്‍ ഇരിക്കുന്നു.

ഞാന്‍ ഒരാളെ നോക്കി ചിരിച്ചു. അയാള്‍ തിരിച്ചു ചിരിച്ചു...വീണ്ടും ചിരിച്ചു....ചിരിച്ചുകൊണ്ടേയിരുന്നു. ഞാന്‍ പതുക്കെ മുഖം തിരിച്ചു. ഈശ്വരാ, ഇവിടിപ്പൊ ആര്‍ക്കാ അസുഖം ഉള്ളത് , ആര്‍ക്കാ ഇല്ലാത്തതെന്നങ്ങനെ അറിയും ?ഞാന്‍ വീണ്ടും അവിടെയ്ക്ക് നോക്കി.ഒരുത്തന്‍ തലയില്‍ നിന്നും പേന്‍ നുള്ളി സിമന്റ് തറയിലിട്ട് അടിച്ചു കൊല്ലുന്നു ! വേറൊരുത്തന്‍ അവിടെ കളം വരച്ചു കളിക്കുന്നു !

"സാര്‍ ..." ഒരു നീട്ടിയുള്ള വിളി കേട്ട് ഞാന്‍ അങ്ങോട്ട് നോക്കി.

"സാര്‍ ...പേടിയാകുന്നു.." ദേവി.

"ഹ..എന്തിനാ പേടിക്കുന്നെ...ഇവരൊക്കെ നമ്മളെപ്പോലുള്ളവരാ...ഐ മീന്‍ ...നമ്മളേപ്പോലെ ആയിരുന്നവരാ...നമ്മള്‍ക്ക് സെപെറേറ്റ് റൂംസ് ഉണ്ട്..നമുക്കങ്ങോട്ടു പോകാം .." സാറിന്റെ കൂടെ നിന്നിരുന്ന,
അറ്റെന്‍ഡര്‍ ആണെന്നു തോന്നുന്നു, ഒരാളുടെ പിറകെ ഞങ്ങളെല്ലാം ഇടതു വശത്ത് കണ്ട ഒരു ഓടിട്ട കെട്ടിടത്തിന്റെ സൈഡില്‍ കൂടി നടന്നു.ഒരു മുറിയുടെ ചുവര്‍ ചേര്‍ന്നു നടക്കുന്നതിനിടയില്‍ ഞാന്‍ ആ റൂമിലേയ്ക്ക് ഒന്നു പാളി നോക്കി.

കണ്ണാടി വച്ച ഒരു പയ്യന്‍ കട്ടിലില്‍ മുഖം കുനിച്ചിരിക്കുന്നു. ആ മുറിയുടെ ചുവര്‍ നിറയെ അവ്യക്തമായ ചിത്രങ്ങള്‍ വരച്ചിരിക്കുന്നു. ഒരു സ്ത്രീ മുറിയൊക്കെ ഗ്ളിറ്റര്‍ പേപ്പറുകളും ബലൂണുകളും കൊണ്ട് അലങ്കരിക്കുന്നു. ഞാന്‍ പെട്ടെന്ന് അന്നത്തെ ഡേറ്റ് ഓര്‍ത്തു. ഡിസംബര്‍ 23. രന്ടു ദിവസം കൂടിക്കഴിഞ്ഞാല്‍ കൃസ്മസ് !

അവരാരാണെന്ന് അറിയാന്‍ ആഗ്രഹം തോന്നിയെങ്കിലും അവിടെ നില്‍ക്കാനോ അന്വേഷിക്കാനോ ഉള്ള സാഹചര്യമല്ലാതിരുന്നതുകൊണ്ട് ഞാന്‍ മുന്നോട്ട് തന്നെ നടന്നു.

എല്ലാ എന്‍ എസ് എസ് ക്യാമ്പിന്റെയും പ്രത്യേകത ഞങ്ങള്‍ക്ക് താമസിക്കാനുള്ള ടെന്റ് ഞങ്ങള്‍ തന്നെ ഉണ്ടാക്കും
എന്നതാകുന്നു. ബോയ്സിനും ഗേള്‍സിനും വേറേ വേറേ.

ഒരു വലിയ ഗ്രൌണ്ട്.ഞങ്ങള്‍ വലിയ ടാര്‍പോളിയം എടുത്ത് വിരിച്ചു.ഞങ്ങളുടെ ടെന്റ് കെട്ടാന്‍ അധിക സമയം വേണ്ട് വന്നില്ല.ഞങ്ങള്‍ക്ക് നല്‍കിയിരുന്ന ബെഡും മറ്റും അതിനുള്ളില്‍ അറേന്‍ജ് ചെയ്തു.

"ഡെയ് ലവളുമാരുടെ ടെന്റ് അങ്ങു ദൂരെയാ..വേറൊരു ഗ്രൌണ്ടില്‍ ..." ഉണ്ണിക്കു വിഷമം .

പെട്ടെന്ന് അവന്റെ 500 രൂപയുടെ റിലയന്‍സ് മൊബൈല്‍ ചിലച്ചു. അവന്റെ മുഖഭാവം കണ്ടപ്പൊ മനസ്സിലായി
അതവന്റെ ലൈന്‍ ആണെന്ന്. ഇനി അവന്‍ ഒരക്ഷരം മിണ്ടില്ല. മൂളല്‍ മാത്രെ ഉള്ളു. 10-15 മിനുട്ട് കഴിഞ്ഞപ്പൊ
ഫോണ്‍ കട്ട് ചെയ്ത് അവന്‍ വന്നു.

"എന്താടാ....?" എന്റെ ബെഡ് റെഡി ആക്കി ബാഗുകള്‍ അതിനടിയില്‍ വയ്ക്കുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു.

"എന്തോന്നെഡെയ് ഇത്...ഇവള്‍ക്കെപ്പൊ വിളിച്ചാലും എന്നെ ഉപദേശിക്കാനേ സമയമുള്ളോ?" ലവന്

"നിന്റെ സ്വഭാവം നന്നായി അവള്‍ക്കറിയാം .." ഞാന്‍

"എന്നെ ഇവളൊരു ഇമ്രാന്‍ ഹാഷ്‌മിയാക്കും " അവന്‍

"അതെന്താ?" എനിക്ക് മനസ്സിലായില്ല.

"അവനാരാ മോന്‍ ... അവന്റെ കൂടെയുള്ള പെണ്ണുങ്ങളെ അവന്‍ വാ തുറക്കാനേ സമ്മതിക്കില്ല..എപ്പോഴും ഉമ്മ വച്ചോണ്ടിരിക്കുവല്ലേ..പിന്നെ ലവളുമാരെങ്ങനെ വാ തുറക്കും " പോയിന്റ് !


"ഡെയ് രാത്രി ആയാല്‍ ഇവിടെ വെട്ടം വേണ്ടേ...? കൊണ്ടു വന്ന ട്യൂബ് ലൈറ്റ്സൊക്കെ എവിടെ ?" ചായ വാങ്ങിക്കൊടുത്ത് നിക്കര്‍ കീറിയിരിക്കുന്ന കുളക്കോഴി.

ഞങ്ങള്‍ പതുക്കെ പുറത്തിറങ്ങി, അപ്പുറത്ത് ഗേള്‍സിന്റെ ക്യാമ്പിലെത്തി.

"ഡെയ്...അവളുമാരതിനിടയില്‍ ഡ്രെസ്സ് മാറിയൊ..?? അടിയില്‍ തന്നെ ഇട്ടോണ്ട് വന്നിരിക്കും " ദേവിയും സുമയുമൊക്കെ വേറേ ഡ്രസ്സില്‍ നില്‍ക്കുന്നതുകണ്ട് എന്തോ മിസ്സായ പോലെ കുളക്കോഴി.

ഞങ്ങള്‍ സാറിനെ കണ്ടു, അവിടിരുന്ന 2-3 റ്റ്യൂബ് ലൈറ്റുകള്‍ എടുത്തുകൊണ്ടു തിരിച്ചു വന്നു.

ഓഫീസാണോ സെല്‍ ആണോ എന്നറിയാന്‍ വയ്യാതെ പേടിച്ച് പേടിച്ച് ഞങ്ങള്‍ അടുത്ത കെട്ടിടത്തിലെത്തി. ഭാഗ്യം , അവിടെ ഡോക്‌ടേഴ്‌സെന്നു തോന്നിക്കുന്ന കുറച്ചുപേരെ കണ്ടു.വേലപ്പന്‍ സാര്‍ നേരത്തെ അവരുമായി സംസാരിച്ചിരുന്നതിനാല്‍ ലൈറ്റിനാവശ്യമായ പവര്‍ അവിടുന്നെടുക്കാന്‍ അനുവാദം കിട്ടി. വയര്‍ വലിച്ച് ഞങ്ങള്‍ റ്റ്യൂബ് ലൈറ്റ് കത്തിച്ചു നോക്കി.

അയ്യോ പാവം . ശാപം കിട്ടിയതു പോലെ റ്റ്യൂബ് ലൈറ്റുകള്‍ കത്താന്‍ വേണ്ടി പരാക്രമം നടത്തുന്നു !
ഉള്ളതു കൊണ്ട് ഓണം പോലെ. എന്റെ മൊബൈലില്‍ (ഞാനുമന്ന് അംബാനിക്ക് വേണ്ടപ്പെട്ടവനായിരുന്നു !) സാറിന്റെ കോള്‍ .ഗേള്‍സിനെയും കൂട്ടി സാറുടനെ ഞങ്ങളുടെ ഗ്രൌണ്ടിലെത്തുമെന്ന്. ഞങ്ങളും റെഡിയായി ഗ്രൌണ്ടിലിറങ്ങി.ഗേള്‍സ് ഒരു സൈഡില്‍ , ബോയ്സ് ഒരു സൈഡില്‍ . ഗ്രൌണ്ടിലെ ഓഡിറ്റോറിയത്തില്‍ വേലപ്പന്‍ സാര്‍ കയറി.

"അപ്പൊ നമ്മളെല്ലാരും ഇവിടെയെത്തിയിരിക്കുകയാണ്.ഇവിടെ വന്നതിന്റെ ഉദ്ദേശ്യം എന്താണെന്ന്
എല്ലാര്‍ക്കുമറിയാമല്ലോ...ഇവിടെയുള്ള കേടായ ഫര്‍ണിച്ചറുകളും എലക്‌ട്രിക് ഉപകരണങ്ങളും നേരെയാക്കികൊടുക്കുക്ക..അതാണു നമ്മുടെ ലക്ഷ്യം "

ഹ പഷ്‌ട്. സംഗതി ഇലക്‌ട്റോണിക്സും എലക്‌ട്രിക്കലുമൊക്കെയാണു പഠിക്കുന്നതെങ്കിലുമ് ഇപ്പോഴും ഫ്യൂസായ ബള്‍ബ് മാറാനുള്ള 'ആമ്പിയര്‍ ' ഞങ്ങളില്‍ പലര്‍ക്കുമുണ്ടായിരുന്നില്ല.ഇനിയിപ്പൊ ഇവിടുള്ളത് റിപ്പയര്‍ ചെയ്താല്‍ എല്ലാരും കൂടി പിടിച്ച് സെല്ലിലിടും , അതുമല്ലെങ്കില്‍ വെളിയില്‍ നിന്ന് വേറേ ആള്‍ക്കാരെ വരുത്തി ഞങ്ങള്‍ റിപ്പയര്‍ ചെയ്ത ഐറ്റംസിനെ റിപ്പയര്‍ ചെയ്യേണ്ടി വരും .

"എന്നും രാവിലെ ഫിസിക്കല്‍ ട്റെയിനിങ്ങ് ഉണ്ടായിരിക്കും .. അതിനു ഗൈഡായി നമ്മുടെ ദീപക്കിനെ ഞാന്‍ സെലക്‌ട് ചെയ്തിരിക്കുന്നു " വാട്ട് ദ ഹെല്‍ !!

"അപ്പൊ നാളെ മുതല്‍ നമ്മള്‍ വര്‍ക്ക് തുടങ്ങുന്നു. ഇന്നു ഊണിനു ശേഷം എല്ലാര്‍ക്കും കൂടി ഇവിടെ ചുറ്റി നടന്നു കാണാം " സാര്‍ ബ്ളാങ്ക്‌സ് ഫില്‍ ചെയ്തു.


പിന്നേ ചുറ്റി നടന്നു കാണാന്‍ പറ്റിയ സ്ഥലം ! കൊലക്കു കൊടുത്തേ അടങ്ങു അല്ലേ..??


(തുടരും)

Tuesday, February 2, 2010

ഞാനും ഒരു ബാബുമോനായിരുന്നു !

പഴയകാല നസീര്‍ സിനിമകളില്‍ മാത്രം കണ്ടുവന്നിരുന്ന, ഇപ്പൊ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്നതുമായ ഒരു അപൂര്‍വ ഇനം ജീവിയാണു ബാബു മോന്‍ !അതായത്, 'എന്റെ അമ്മ ഒരു പാവമായിരുന്നു' , 'എന്റെ ചേട്ടന്‍ ഒരു പാവമായിരുന്നു' 'അയ്യോ...അങ്ങനെ ഒന്നും ചെയ്യരുതേ ' തുടങ്ങിയ ഡയലോഗുകളേ ബാബുമോന്‍ പറയു. തലമുടി
എണ്ണയിട്ട് മെഴുകി, ഒരു സൈഡീനണ്‍ വകുപ്പെടുത്ത് ചീകി നിക്കറിനകത്ത് ഷര്‍ട്ട് ഇന്സര്‍ട്ട് ചെയ്ത ഒരു കൊച്ചു പയ്യന്‍ , ഒരു പാവം പയ്യന്‍ ! അതായിരുന്നു ബാബുമോണ്‍ ! പില്‍ക്കാലത്ത് അത്രയ്ക്കും പാവങ്ങളായവരെ ബാബുമോന്‍ എന്ന് വിളിക്കാന്‍ തുടങ്ങി.

മൈക്കിളും ഒരു ബാബുമോനായിരുന്നു, ഐ മീന്‍ പാവമായിരുന്നു. ഒരു സോഡ ഗ്ളാസ്സ് കണ്ണാടിയും ഒരു കാതില്‍ കടുക്കനും 'നീ എന്റെ പിറകേ വന്നാതി' എന്ന് പറഞ്ഞ് പോകുന്ന ഒരു ഗല്‍ഫന്‍ കുടവയറും പിന്നെ ദിവസവും
ഒരു എട്ട് പത്ത് ഹെല്ലും കൂടിയായാല്‍ മൈക്കിളെന്ന ഗോവാക്കാരനായി ! 'കൈസെ ഹോ' എന്ന് ചോദിച്ചാലും
'വാട്ട് ദ ഹെല്‍ ' എന്നാവും മറുപടി !

ഈ മൈക്കിളാകുന്നു എന്റെ രക്തം തിളപ്പിച്ചതും ഞാന്‍ പൊയ്ക്കോണ്ടിരുന്ന ജിമ്മ്മില്‍ തന്നെയുള്ള കുങ് ഫു ക്ളാസ്സില്‍ ചേരാന്‍ പ്രേരിപ്പിച്ചതും . പലപ്പോഴും ജിമില്‍ തന്നെയുള്ള മറ്റൊരു റൂമില്‍ കുങ് ഫു പരിശീലനം നടക്കുമ്പോളൊന്നും തോന്നാത്ത അഒരു വികാരം മൈക്കിള്‍ കാരണം എനിക്ക് തോന്നി.

അന്നൊരു വെള്ളിയാഴ്‌ച ആയിരുന്നു. 'സിറാജിന്റെ ഫുഡ് കഴിച്ചാലും എനിക്ക് വയറിളകും ' എന്ന് ധന മെസ്സുകാരനെ
വെല്ലുവിളിച്ച് മൈക്കിള്‍ സിറാജ് മെസ്സില്‍ ചേര്‍ന്ന സമയം . ഓഫ് ഡേയുടെ അന്ന് രണ്ടെണ്ണം വിട്ട് സിറാജ് ഹോട്ടലില്‍ നിന്നും പാഴ്സല്‍ വരുത്തി അടിക്കുക മൈക്കിളിന്റെ ശീലമായിരുന്നു. അങ്ങനെ ഒരു ഓഫ് ഡേയായിരുന്നു വെള്ളിയാഴ്‌ച. പതിവിനു വിപരീതമായി മൈക്കിള്‍ നേരിട്ട് സിറാജ് ഹോട്ടലില്‍ ചെന്നു.സമയം രാത്രി ഒന്‍പതര. ഞാന്‍ അന്ന് എന്താന്നറിയില്ല, സിറാജ് മെസ്സിലെ ചിക്കന്‍ സിക്സ്റ്റി ഫൈവുമായി യുദ്ധത്തില്‍ !

"എന്താ ഇന്ന് സ്പെഷ്യല്‍ ?" മൈക്കിള്‍ സിറാജ് ഭായിയോട്.

"ചിക്കന്‍ 65, ചാപ്‌സ്, ബട്ടര്‍ ചിക്കന്‍ ..ബോണ്‍ലെസ്സ്..." സിറാജ്

"മതി....ഒരു ബട്ടര്‍ ചിക്കന്‍ മതി" മൈക്കിള്‍

"ഒരു പതിനന്‍ചു മിനുട്ട് താമസമുണ്ട്" സിറാജ്

മൈക്കിള്‍ പതിവുപോലെ ഒരു ടൂത് പിക്കെടുത്ത് വായില്‍ തിരുകി ഒരു കസേരയില്‍ ഇരുന്നു.

പെട്ടെന്ന് പുറത്ത് ഒരു കാര്‍ വന്നു നിന്നു. വെള്ള നൈറ്റി ധരിച്ച ഒരു കുവൈറ്റി അതില്‍ നിന്നിറങ്ങി, കടയിലേയ്ക്ക് കയറി.

ചൂടന്‍ ഉരുളക്കിഴങ്ങ് വായിലിട്ട പോലെ എന്തോ അറബിയില്‍ സിറാജിനോട് പറഞ്ഞു. ആഹാ അത്രയ്ക്കായോ സിറാജും തിരിച്ചു പറഞ്ഞു ;)

അറബി അവിടെ ഒരു കസേരയില്‍ ഇരുന്നു. മൈക്കിളും അറബിയും അടിത്തടുത്ത്.

ഇപ്പൊ മൈക്കിള്‍ വന്നിട്ട് പതിനന്‍ച് മിനുട്ടായി. പുള്ളി ഒരു ടൂത് പിക്ക് തിന്നു കഴിഞ്ഞ് അടുത്തതെടുത്തു. പെട്ടെന്ന് വെയിറ്റര്‍ പാഴ്സലുമായെത്തി, മൈക്കിള്‍ എഴുന്നേറ്റ് പാഴ്സലിനു കൈ നീട്ടി.

"അതേ ഇത് കുവൈറ്റിക്കുള്ളതാ...ചേട്ടനുള്ള ഇപ്പൊ തരാം " ഇതും പറഞ്ഞ് പാഴ്സല്‍ കുവൈറ്റിക്ക് കൊടുത്ത് വെയിറ്റര്‍ പോയി.

പാഴ്സലും വാങ്ങി കുവൈറ്റി എഴുന്നേറ്റു. മൈക്കിളിന്റെ മുഖം ചുവന്നു. 'ഞാന്‍ എന്താ ചക്കകുരുവാണൊ കൊടുക്കുന്നത്..കാശല്ലേ...ഒരു വെള്ള നൈറ്റിയിട്ടാല്‍ എന്തും ആകാമെന്നോ...നുള്ളും ഞാന്‍ ...പിച്ചും ഞാന്‍ ...ചവിട്ടിപ്പീത്തും ഞാന്‍ ' എന്ന ചിന്തയാവണം മൈക്കിളിനെക്കൊണ്ട് വാട്ട് ദ ഹെല്‍ പറയാന്‍ പ്രേരിപ്പിച്ചത്.

"വാട്ട് ദ ഹെല്‍ മാന്‍ " പാഴ്സലുമായി നിന്നിരുന്ന കുവൈറ്റിയുടെ മുഖത്ത് നോക്കി മൈക്കിള്‍ .

'ഡും '

രംഗം : പാഴ്സല്‍ മേശപ്പുറത്ത് വച്ച് നൈറ്റി മടക്കിക്കുത്തി കുവൈറ്റി മൈക്കിളിന്റെ അടിവയറില്‍ മുട്ടുകാല്‍ കേറ്റി. പച്ചത്തവള മലര്‍ന്നടിച്ചു കിടന്നാല്‍ എങ്ങനെ കിടക്കും അതുപോലെ ടൂത് പിക്കും വായില്‍ തിരുകി മൈക്കിള്‍ തറയില്‍ ! കുവൈറ്റി പെട്ടെന്ന് അല്‍ മംഗലശേരി അല്‍ നീലകണ്ടനായി !

അവിടെയപ്പൊ സൂചി തറയിലിട്ടാല്‍ ശബ്ദം കേള്‍ക്കുന്ന നിശബ്‌ദത അടൂര്‍ ഗോപാല്ക്രിഷ്ണനെപോലും പേടിപ്പിക്കുന്നതായിരുന്നു ! കലിയടങ്ങാതെ കുവൈറ്റി വീണ്ടും ഉരുളക്കിഴങ്ങ് വായിലിട്ടു !

കുവൈറ്റ് മടങ്ങി. മൈക്കിള്‍ പതുക്കെ തറയില്‍ നിന്നെഴുന്നേറ്റു.

"എന്റെ പാഴ്സലെവിടെ...നിങ്ങള്‍ക്കിപ്പൊ പഴയ പോലെ കസ്റ്റമേഴ്സിനെയൊന്നും ഒരു ശ്രദ്ധയില്ലാ ട്ടാ" എന്നു പറഞ്ഞ് മൈക്കിള്‍ പാഴ്സലും വാങ്ങി റൂമിലേയ്ക്ക് തിരിച്ചു. എന്തെങ്കിലും പറ്റിയോ എന്ന് ചോദിക്കേണ്ട സാമാന്യമര്യാദ കണക്കിലെടുത്ത് ഞാനും പെട്ടെന്ന് കൈ കഴുകി മൈക്കിളിന്റെ പിറകെ കൂടി.

"ചേട്ടാ...എന്തെങ്കിലും പറ്റിയോ ?" ഞാന്‍

"ഏയ്..ഇല്ല...അവിടെന്നെണീറ്റിരുന്നെങ്കില്‍ പറ്റിയേനേ " പുള്ളി

"അതെന്താ ?" എനിക്ക് മനസ്സിലായില്ല

"നിനക്ക് അറബിയറിയാമോ ?"

"ഇല്ല "

"എന്നാ എനിക്കറിയാം ...അവിടെ നിന്നെണീറ്റാ വീണ്ടും ചവിട്ട് കൂട്ടുമെന്നാ ആ കാലമാടന്‍ പറഞ്ഞെ..പിന്നെ എങ്ങനെ എണീക്കും " ഇതും പറഞ്ഞ് പുള്ളി ലിഫ്റ്റില്‍ കയറി.

എന്റെ ചോര തിളച്ചു. അല്ലേലും എന്റെ ചോര അങ്ങനാ. ഒന്ന് പറഞ്ഞ് രണ്ടാമതിനു തിളച്ചുകളയും .
എന്റെ കയ്യിലുണ്ടായിരുന്ന ചോക്കളേറ്റ് ഞാന്‍ ഞെരിച്ചു. കോപ്പ്, കാശു കൊടുത്ത് വാങ്ങിച്ചതാ.. തിളയ്ക്കാന്‍ കണ്ട സമയം ! പതുക്കെ കവര്‍ പൊട്ടിച്ചു നോക്കി. പാവം , കൊഴകൊഴാന്നായിപ്പോയി. അപ്പൊ നക്കിയില്ലേ...എന്റടുത്താ കളി. 'നീയൊരു നക്കിയാടാ' എന്റെ മനസ്സാക്ഷി പറയുന്നപോലെ. മനസ്സാക്ഷിക്കൊക്കെ എന്തും പറയാല്ലോ :(

മൈക്കിളിനുണ്ടായ അവസ്ഥ ആര്‍ക്കുമിനിയുണ്ടാകരുത്. എന്റര്‍ ദ ഡ്രാഗണിലെ ബ്രൂസ് ലി. ദ റെബലിലെ ജെറ്റ് ലി , ഓങ് ബാക്കിലെ ടോണി ജ, ഷോലെയില ബച്ചന്‍ , ദേവാസുരത്തിലെ ലാലേട്ടന്‍ , ബിഗ് ബിയിലെ മമ്മൂട്ടി , കമ്മീഷണറിലെ സുരേഷ് ഗോപി..എന്തിനു കൂടുതല്‍ പറയുന്നു വീരാസാമിയിലെ ടി രാജേന്തര്‍ വരെ എന്റെ മനസ്സിലൂടെ, എന്റെ ഞരമ്പിലൂടെ ചോരയും തിളപ്പിച്ചുകൊണ്ട് കടന്നുപോയി. ഇതിനു ഞാന്‍ പകരം ചോദിക്കും . അപ്പൊ തന്നെ പോയി വിഡിയോ ഷോപ്പില്‍ .

"ചേട്ടാ...ബച്ചന്റെ പാലാ കത്ഥര്‍ ഉണ്ടോ ?" വിഡിയോ ഷോപ്പില്‍ ഞാന്‍

"ഏ...എന്താ...ആരാ?" പുള്ളി

"ചെ...ബച്ചന്റെ കാലാ പത്ഥറുണ്ടോ ? " ഇപ്പൊ ഓ കെ.

അതും വാങ്ങി നേരേ റൂമിലേയ്ക്ക്. ഇനി അടുത്ത സ്റ്റെപ്. നാളെ ജിമ്മില്‍ പോണം . അടിച്ചു പെരുക്കണം . ഇനി സിറാജിന്റെ കടയില്‍ ചെന്നാല്‍ ചോദിക്കുന്നതിനു മുന്നെ പാഴ്സല്‍ തരണം . സിനിമയും കണ്ട് ഉറങ്ങാന്‍ കിടന്ന എന്റെ സ്വപ്നത്തില്‍ , ഞാന്‍ ദേവാസുരത്തിലെ ലാലേട്ടനെ പോലെ കുവൈറ്റിയുടെ നൈറ്റി വലിച്ചുകീറുന്നു . 'എനിക്ക് ജീവിക്കണം ..അതുകൊണ്ട് ഈ നൈറ്റി ഞാനെടുക്കുന്നു'

രംഗം : പതിവുപോലെ പിറ്റേ ദിവസവും ഞാന്‍ ജിമ്മിലേയ്ക്ക്. പോകുന്ന വഴിയിലുള്ള നൈഫ് ചിക്കന്‍ ഷോപ്പിന്റെ മുന്നിലിട്ടിരിക്കുന്ന കസേരയില്‍ എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന സന്തോഷും സജേഷും .

"ഗ്രില്‍ഡ് ചിക്കന്‍ തുണിയുടുക്കാതെ പോള്‍ ഡാന്‍സ് ചെയ്യുന്നത് കണ്ടിട്ട് നിനക്കൊന്നും സഹിക്കുന്നില്ല ല്ലേ ?" ലവന്‍മാരുടെ അടുത്ത് ചെന്ന് ഞാന്‍ .

"ഏയ്...അല്ല...പുതിയ ഒരു ഐറ്റം വന്നിട്ടുണ്ട്...എങ്ങനുണ്ടെന്ന് നോക്കാനാ" സന്തോഷ്

"അല്ലേലും നീ പണ്ടേ ഇങ്ങനാണല്ലോ...തിന്നാനുള്ള എന്തു കണ്ടാലും അപ്പൊ എങ്ങനുണ്ടെന്ന് നോക്കിക്കളയും " ഇതും പറഞ്ഞ് ഞാന്‍ വീണ്ടും ജിമ്മിലേയ്ക്ക്.

സന്തോഷും സജേഷും ഞാന്‍ ജിമ്മില്‍ പോക്കുന്നത് കണ്ട് എന്റെ കൂടെ ജിമ്മില്‍ ജോയിന്‍ ചെയ്തവരാ. ആദ്യമൊക്കെ ക്രിത്യമായി വന്നിരുന്ന ലവന്‍മാര്‍ ശരീരം വേദനിച്ചു തുടങ്ങിയപ്പൊ ആഴ്‌ചയില്‍ രണ്ട് ദിവസമാക്കി. കാരണം , മിസറിയുടെ ജിമ്മിലുണ്ടായിരുന്ന ആവിക്കുളി തന്നെ. ഇപ്പൊ ലവന്‍മാര്‍ ജിമ്മില്‍ വരുന്നത് സോപ്പും തോര്‍ത്തുമായിട്ടാ !

ഞാന്‍ ജിമ്മില്‍ കയറി. ജിമ്മില്‍ തന്നെയുള്ള ഒരു റൂമില്‍ നിന്നും 'യീഹാ..ഹയ്യ്' എന്നിങ്ങനെ ഇടതടവില്ലാതെ വിളികള്‍ കേള്‍ക്കുന്നു. മിസറി തന്നെ നടത്തുന്ന കുങ് ഫു ക്ളാസ്സ്. എന്റെ ഉള്ളില്‍ പെട്ടെന്ന് 'വൌ; എന്നൊരു വികാരം ഉടലെടുത്തു. യെസ്, അതുതന്നെ, കുങ് ഫു. കൊച്ചിലെ എത്ര തവണ ബ്രൂസ് ലിയുടെ സിനിമ കണ്ട് ചേട്ടന്റെ മുതുകത്തു ചാടിക്കേറിയതിനു എത്ര തവണ ഡൈനിങ്ങ് ടേബിളിനു മുകളിലൂടെ പറന്നതാ.

അപ്പൊ കൊടുത്തു പത്ത് കെ ഡി. കുങ്ങ് ഫു എങ്കില്‍ കുങ് ഫു. കൊല്ലും ഞാന്‍ എല്ലാത്തിനെയും .

അന്നു തന്നെ ട്രെയിങ്ങ് തുടങ്ങി. ജിമ്മില്‍ വര്‍ഷങ്ങളായി കട്ട ചുമക്കുന്ന എനിക്കാണോ പാട്, കുങ് ഫു...ഫൂ !

പരിപാടി, ഐ മീന്‍ ട്രെയിനിങ്ങ് തുടങ്ങി. ആദ്യം പുഷപ്പെടുക്കാന്‍ മിസറി.അതും എന്നോട് ! എടുത്ത് ഒരു അന്പതെണ്ണം .ദേ പിന്നേം പുഷപ്പ് , വീണ്ടും വീണ്ടും പുഷപ്പ്. എന്റെ അത്തിപ്പാറമ്മച്ചി ! :(

ഒരു പത്ത് മിനുട്ട് കൊണ്ട് ഒരു ഇരുപത് രീതിയില്‍ ആ കാലമാടന്‍ എന്നെക്കൊണ്ട് പുഷപ്പ് എടുപ്പിച്ചു. 'ഇന്നത്തേയ്ക്ക് മതി..ഇനി അടുത്ത വര്‍ഷം ' എന്നു പറയാനുള്ള ത്രാണിപോലുമില്ലാതെ ശ്വാസം പുറത്തോട്ടാണൊ അകത്തോട്ടാണൊ ഇപ്പൊ എടുത്തെ എന്ന കണ്‍ഫ്യൂഷനില്‍ ഇരുന്ന എന്നെ മിസറി നോക്കി.

"സ്താന്ത് അപ്പ് ആന്ത് സ്ത്രെച്ച് യുവര്‍ ലഗ്സ് " മിസറി

ഇതുവരെ എടുത്തലക്കിയതൊന്നും പോരെഡെയ് ? ഞാന്‍ എഴുന്നേറ്റു. കാലു രണ്ടും സ്ട്രെച്ച് ചെയ്തു.

"മോര്‍ ...മോര്‍ " മിസറി കാറി.

നേരേ നില്‍ക്കാന്‍ പറ്റുമായിരുന്നെങ്കില്‍ അവന്റെ മോറയ്ക്കിട്ടു കൊടുത്തേനെ. ഞാന്‍ വീണ്ടും മോറി !

പെട്ടെന്ന് ആ കശ്മലന്‍ എന്റെ അടുത്തു വന്നു. ഒരു കാല്‍ എന്റെ കാലിന്റെ സൈഡില്‍ വച്ച് ഒരൊറ്റ തട്ട്.

"കിയോ" ആ പന്ന പുന്നാരമോന്‍ എന്നെ വലിച്ചുകീറി. ഞാന്‍ ഇപ്പൊ ഫുള്‍ സ്ട്രെച്ചില്‍ !

അടച്ച കണ്ണു ഞാന്‍ തുറന്നു. ദോണ്ടെ, മിസറി എന്നെ ഇവിടിങ്ങനെ ഇരുത്തിയിട്ട് ഏതോ ഗ്ളാസിന്റെ പിറകില്‍ ചെന്ന് ഒളിച്ചിരിക്കുന്നു. ഞാന്‍ കണ്ണു ഒന്നടച്ചു തുറന്നു. കോപ്പ്, അത് ഗ്ളാസല്ല, എന്റെ കണ്ണില്‍ വെള്ളം നിറഞ്ഞതായിരുന്നു !


മുഖം കൊണ്ട് ആംഗ്യം കാട്ടി മിസറിയെ വിളിച്ചു. സന്തോഷും സജേഷും അപ്പോഴേയ്ക്കും ആവിക്കുളിയൊക്കെ
കഴിഞ്ഞ് കക്ഷവും തുടച്ച് വന്നു.

രംഗം : ഒരു കൂട്ട ബലാല്‍സംഗത്തിനിരയായ പോലെ സന്തോഷിന്റെയും സജേഷിന്റെയും തോളില്‍ തൂങ്ങി കാല്‍ അടുപ്പിക്കാന്‍ പറ്റാതെ ഞാന്‍ റൂമിലേയ്ക്ക്.

'നീയും ഒരു ബാബുമോനായിരുന്നു' എന്റെ മനസ്സാക്ഷി വീണ്ടും .

അല്ലെങ്കിലും മനസ്സാക്ഷിക്കൊക്കെ എന്തും പറയാല്ലോ :(

Sunday, January 17, 2010

പട്ടാളം ജാനു

പട്ടാളം ജാനു അഥവാ ജാനുവേടത്തി ! ആറടിപ്പൊക്കം , വിരിഞ്ഞനെന്‍ച്, ഭൂമികുലുക്കിയുള്ള നടത്തം , ആരെയും വകവയ്ക്കാത്ത പെരുമാറ്റം ഇതൊക്കെയായിരുന്നു ജാനുവേടത്തിയുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ എന്ന് കരുതിയെങ്കില്‍ , സോറി, തെറ്റി. കഷ്ടിച്ച് അന്‍ചടി പൊക്കം , കൂനിക്കൂടിയുള്ള നടത്തം . ആരെയും വകയിരുത്തിക്കളയുന്ന സംസാരം ഇതൊക്കെയായിരുന്നു ജാനുവേടത്തി.

ജാനുവേടത്തിയും പട്ടാളവുമായുള്ള ബന്ധം ? അതേ, അങ്ങ് കാശ്മീരിലിരുന്നു, ഒരു കാക്ക പറക്കുന്നത് കണ്ടാലും 'ദോണ്ട്രാ..തീവ്രാദി' എന്നും പറഞ്ഞ് തലങ്ങും വിലങ്ങും വെടിവച്ചുകളിക്കുന്ന പാവം കെട്ടിയോനായ ശേഖരേട്ടനായിരുന്നു.വലിയ തോക്കുകള്‍ കയ്യിലിട്ടുകറക്കിയിരുന്ന ശേഖരേട്ടന്‍ ജാനുവേടത്തിയുടെ മുന്നില്‍ വന്നാല്‍ പെട്ടെന്ന് ഉണ്ട കളഞ്ഞ കേരളാ പോലീസിനെപ്പോലാകും !

എന്നും രാവിലെ ഐശ്വര്യമുള്ള മുഖം തന്നെകാണണം എന്ന് വാശിയുണ്ടായിരുന്ന ജാനുവേടത്തി, കിടക്കുന്നതിന്റെ എതിരെ ചുവരില്‍ ശിവന്റെ വലിയ ഒരു പടമൊട്ടിക്കുകയും രാവിലെ എഴുന്നേറ്റ് ശിവനെ നോക്കിയതും ശിവന്‍ കണ്ണടച്ചു കളയുകയും ചെയ്തു എന്ന് നാട്ടുകാര്‍ പറയുന്നു. എന്തായാലും അത്രയ്ക്കുണ്ട് എരണം !

പുള്ളിക്കാരിക്ക് ഒരു മോളുണ്ട്. രാത്രി ഉറങ്ങുന്നതിനിടയിലും ഉണര്‍ന്നുണര്‍ന്ന് ഡിന്നര്‍ കഴിക്കുന്ന സ്വഭാവം ! ഇന്‍ഡ്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്നെ ഈ ജാതി ഐറ്റെംസ് ഇവിടുണ്ടെന്നറിഞ്ഞിരുന്നേല്‍ സായിപ്പന്‍മാര്‍ ഇങ്ങോട്ട് വരില്ലായിരുന്നു !

പട്ടാളക്കാരന്റെ ഭാര്യയായതുകൊണ്ടു മാത്രം പട്ടാളം ജാനു എന്ന വിളിപ്പേരു ചുമക്കേണ്ടി വന്നെങ്കിലും വീട്ടില്‍ ഒരല്‍പം പട്ടാളച്ചിട്ടയൊക്കെ ജാനുവേടത്തി പിന്തുടര്‍ന്നിരുന്നു. രാവിലെ എഴുന്നേല്‍ക്കുന്നത്, പ്രാതല്‍ കഴിക്കുന്നത്, സീരിയല്‍ കാണുന്നത് എന്തിനേറെ കക്കൂസില്‍ പോകുന്നതു മുതല്‍ പിള്ളേരെ സ്നേഹിക്കുന്നതിനു വരെ ടൈം ടേബിള്‍ ! സ്നേഹിക്കാനുള്ള ടൈമായിക്കഴിഞ്ഞാല്‍ മോളെ വിളിച്ച് 'മോളെ...നീ അങ്ങു ക്ഷീണിച്ചു പോയീട്ടാ'
എന്നൊക്കെ പറഞ്ഞ് മുടിയില്‍ തടവിരുന്ന ജാനുവേടത്തി ആ ടൈം കഴിഞ്ഞാല്‍ 'പോയിരുന്ന് പഠിക്കെടി നശൂലമേ' എന്ന് പറഞ്ഞ് മോള്‍ടെ ചിറിക്ക് കുത്തി പറഞ്ഞയക്കും !

അങ്ങനെയിരിക്കെ,കുറെ കാലമായി പട്ടാളത്തിലായിരുന്ന ശേഖരേട്ടനു കാര്‍ഗില്‍ യുദ്ധസമയത്ത് പെട്ടെന്ന് ജാനുവേടത്തിയെക്കാണണം എന്നൊരു ഉള്‍വിളിയുണ്ടാകുകയും തോക്ക്, ഉണ്ട, യൂണിഫോം ഇത്രയം ​മാത്രം ബാക്കിവെച്ച് മറ്റെല്ലാ സ്ഥാവരജംഗമവസ്തുക്കളുമായി സധൈര്യം ജാനുവേടത്തിയുടെ അടുത്തേയ്ക്ക് വരുകയും ചെയ്തു. ഒരകന്ന ബന്ധുകൂടിയായ തൊട്ടപ്പുറത്തെ വീട്ടിലെ അശോകേട്ടനും പട്ടാളത്തില്‍ , അതും കാര്‍ഗിലില്‍ .
രാജ്യസ്നേഹം കാരണം പുള്ളി അവിടെയും ഭാര്യാസ്നേഹം കാരണം ശേഖരേട്ടന്‍ ഇവിടെയും !

ഒരു ദിവസം ഭാര്യാസമേതനായി പഴങ്കഞ്ഞി കുടിച്ചുകൊണ്ടിരുന്ന ശേഖരേട്ടന്‍ കാര്‍ഗിലില്‍ നിന്നും ഫോണ്‍ വന്നു.അശോകേട്ടന്‍ വെടിയേറ്റു മരിച്ചു ! ഈ വിവരം അശോകേട്ടന്റെ വീട്ടുകാരെ അറിയിക്കണം . എങ്ങനെ പറയും എന്നറിയാതെ വിഷമിച്ചു നിന്ന ശേഖരേട്ടനെ ജാനുവേടത്തി രക്ഷിച്ചു. പുള്ളിക്കാരി ഉടന്‍ തന്നെ അശോകേട്ടന്റെ വീട്ടിലേയ്ക്ക് ഫോണ്‍ ചെയ്ഥു. ഫോണെടുത്ത അശോകേട്ടന്റെ ഭാര്യയോട്,

"ടീ ശ്യാമളേ...പട്ടാളത്തീന്ന് വിളിച്ചിരുന്നു..പേടിക്കാനൊന്നുമില്ല..മ്മടെ അശോകേട്ടന്‍ മരിച്ചെന്ന്"

അപ്പുറത്തെ തലയ്ക്കല്‍ നിന്നും നിലവിളി ഉയര്‍ന്നപ്പോഴും പ്രശ്‌നം സിമ്പിളായിസോള്‍വ് ചെയ്ത ഭാവം ജാനുവേടത്തീടെ മുഖത്ത് ! ഇതാണു ജാനുവേടത്തി.

അശോകേട്ടന്റെ ബോഡി നാട്ടില്‍ കൊണ്ട് വന്നു. മന്ത്രിമാരും ലോക്കല്‍ നേതാക്കളുമുള്‍പ്പടെ എല്ലാ പേരും
അന്ത്യാന്‍ചലിയര്‍പ്പിക്കാനെത്തി. മക്കള്‍ക്ക് സൌജന്യ വിദ്യാഭ്യാസം , പഠിത്തം കഴിഞ്ഞാലുടനെ ജോലി, അശോകേട്ടന്റെ
ഭാര്യയ്ക്ക് ജോലി, വന്‍ സാമ്പത്തിക സഹായം തുടങ്ങി മന്ത്രിമാരുടെ വാഗ്ദാനങ്ങള്‍ കേട്ട് കണ്ണുതള്ളിപ്പോയ ജാനുവേടത്തി ആ തിരക്കിനിടയിലും അടുത്ത് നിന്നിരുന്ന ശേഖരേട്ടനെ നുള്ളിക്കൊണ്ടു പറഞ്ഞു,

'കണ്ടാ..കണ്ടാ..ഓരോന്ന് കിട്ടണ കണ്ടാ...നിങ്ങക്ക് യുദ്ധം കഴിയണ വരെ അവിടെക്കിടന്നാ പോരായിരുന്നോ മനുഷ്യേനേ" ദേ കിടക്കുന്നു ! ഇതാണു ജാനുവേടത്തി.

അശോകേട്ടന്‍ എന്ന അകന്ന ബന്ധു മരിച്ചതിന്റെ ഫോര്‍മാലിറ്റിയില്‍ മറ്റു പെണ്ണുങ്ങളോടൊപ്പം കൂടിയിരുന്ന് ജാനുവേടത്തിയും നിലവിളി തുടങ്ങി. പെട്ടെന്ന് സ്വന്തം വീട്ടിലെ കോഴി അവിടെ കറങ്ങി നടക്കുന്ന കണ്ട് ജാനുവേടത്തി കരച്ചില്‍ പെട്ടെന്ന് നിര്‍ത്തി. ഉടനെ മോളെ വിളിച്ചു,

"ടീ...നീ ഒന്നിങ്ങ് വന്നിരുന്ന് കരഞ്ഞേ..അമ്മ കോഴിയെ അടച്ചിട്ടിട്ട് ഇപ്പ വരാം " ഇതാണു ജാനുവേടത്തി.

അങ്ങനെ ഒരിക്കല്‍ അശോകേട്ടനു ആണ്ടു ബലിയിടാന്‍ തിരുവല്ലത്ത് അശോകേട്ടന്റെ വീട്ടുകാരോടൊപ്പം ശേഖരേട്ടനും ജാനുവേടത്തിയും പോയി.

ബലിച്ചോറുരുട്ടി കല്ലില്‍ വച്ച് കാക്ക അത് വന്നെടുക്കാന്‍ അശോകേട്ടന്റെ ഭാര്യയും മകന്നും വെയിറ്റ് ചെയ്യുന്നു.
ഒരു കാക്ക പറന്നു വരും , എടുത്തു എടുത്തില്ലാ എന്ന് പറഞ്ഞ് പറന്നു പോകും . വീണ്ടും വരും , തൊട്ടു തൊട്ടില്ലാന്ന് പറഞ്ഞ് വീണ്ടും പോകും . കുറെ തവണ ഇതാവര്‍ത്തിച്ചപ്പോള്‍ ജാനുവേടത്തി ഇടപെട്ടു.

"ടീ...ശ്യാമളേ...നീ അവിടുന്നങ്ങ് മാറിക്കേടി...അശോകേട്ടനിപ്പഴും നിന്നെ പേടിയാ"

ഇതാണു ജാനുവേടത്തി എന്ന പട്ടാളം ജാനു. വായില്‍ തോനുന്നത് സ്ഥലവും കാലവും നോകാതെ പറയും .
ഈ ജാനുവേടത്തി മരിച്ചിട്ടിപ്പൊ 6 വര്‍ഷമാകുന്നു. ഇത് ഒരു സ്മരണ.