ഈ ബ്ലോഗ് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കെത്തിക്കാന്‍

Friday, December 25, 2009

കള്ളന്‍ ഷിപ്പില്‍ തന്നെ !

കുഞ്ഞുന്നാളിലേ വിറ്റാമിന്‍ ഡി അല്ലെങ്കില്‍ പാല്‍ എനിക്കെന്നും കിട്ടിയിരിക്കണം എന്നൊരു പിടിവാശി എനിക്കുണ്ടായിരുന്നു. അന്നൊക്കെ രാവിലെ മില്‍മാപാല്‍ വാങ്ങാന്‍ പോകുന്ന ചുമതല ഞാന്‍ ആവേശത്തോടെ നിറവേറ്റി വന്നിരുന്നു. കാരണം,രണ്ടുകവര്‍ പാലുവാങ്ങി തിരിച്ചു വീട്ടിലെത്തുമ്പോഴേയ്ക്കും ഒരു കവറിന്റെ പാതി എന്റെ വയറ്റിലായിക്കഴിയും . 'ഇവനു നാണമില്ലേ ?' എന്നാവും വായനക്കാരുടെ മനസ്സില്‍ . നേരം വെളുക്കുന്നതിനു മുന്നേ പാലു വാങ്ങാന്‍ പോയാല്‍ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളു. ;)

എന്റെ കള്ളത്തരം അറിയാവുന്ന അമ്മ അതുകൊണ്ടു തന്നെ ബാക്കി വരുന്ന പാലും കൂടി എനിക്ക് കാച്ചിത്തരുമായിരുന്നു.കാച്ചിയ പാലില്‍ ഒരല്‍പം പന്‍ചസാര കുറഞ്ഞുപോയാല്‍ യോദ്ധയിലെ ജഗതിയെപ്പോലെ 'കലങ്ങീല്ലാ'എന്ന് പറഞ്ഞ് അമ്മയുടെ അടുത്ത് ചെല്ലും . 'എവിടെ നോക്കട്ടെ ' എന്ന് പറഞ്ഞ് എന്റെ സ്വന്തം ചേട്ടന്‍ അതു വാങ്ങി മുഴുവനും കുടിക്കും.'ശെരിയാടാ..കലങ്ങീട്ടില്ലായിരുന്നു' എന്ന് ചേട്ടന്‍ പറയുമ്പോഴും എന്റെ പാല്‍ നഷ്ടമായതറിയാതെ 'കണ്ടാ...അതാ പറഞ്ഞെ' എന്ന മോഡെലില്‍ ഞാന്‍ നില്‍ക്കും ! :(

അങ്ങനെ മില്‍മയുടെ പച്ചപ്പാലും കാച്ചിയ പാലും യഥേഷ്ടം കുടിച്ച് വളര്‍ന്ന് വളര്‍ന്ന് ഇങ്ങ് കുവൈറ്റ് വരെ വളര്‍ന്നെങ്കിലും ആ ശീലം മാത്രം നിര്‍ത്തിയില്ല.

കുവൈറ്റില്‍ വന്ന ശേഷം കട്ടഫാക്ടറിയിലെ സജീവ തൊഴിലാളി ആയി മാറിയ എന്റെ, ഒട്ടും ഒഴിച്ചുകൂടാനാകാത്ത ഒരു സമ്പൂര്‍ണ്ണ ആഹാരമായിരുന്നു, പാലും സൊയാബീന്‍ പൊടിയും മിക്സ് ചെയ്തത്. ഒരു 250 മില്ലിയുടെ പാല്‍കുപ്പിയെ നാലായി പകുത്ത് അതില്‍ 2 സ്പൂണ്‍ സൊയാബീന്‍ പൊടിച്ചതും ഒരു സ്പൂണ്‍ പന്‍ചസാരയും ചേര്‍ത്ത് ജിമ്മില്‍ നിന്ന് വന്നുകേറിയാലുടനെ ഒരു പിടിപിടിച്ചാലുണ്ടല്ലോ....ഹൊ.. അങ്ങനെ ഒരു കുപ്പി പാല്‍ നാലു ദിവസം വളരെ ശ്രദ്ധയോടെ അളന്ന് ശരീരസൌന്ദര്യം സൂക്ഷിച്ചിരുന്ന എനിക്ക് എന്റെ പോഷക സമ്പത്‌ഘടനയില്‍ ഒരു അസന്തുലിതാവസ്ത്ഥ അനുഭവപ്പെട്ടത് 'സുധാകര്‍ ' എന്ന് പുള്ളിയും 'സുധാരോ' എന്ന് ഞങ്ങളും വിളിക്കുന്ന സുധാകരന്‍ ഞങ്ങളുടെ റൂം മേറ്റായി വന്നതിനു ശേഷമായിരുന്നു !

അബ്ബാസിയ, കുവൈറ്റിലെ കേരളം എന്ന് വേണമെങ്കില്‍ പറയാം , അവിടെ നിന്നാകുന്നു ഈ മുതല്‍ എന്റെ ഫ്ലാറ്റിലേയ്ക്ക് താമസം മാറിയത്. കള്ളിമുണ്ടും ഉടുത്ത് തേരാപാരാ എപ്പോഴും എന്നും നടന്നുകൊണ്ടിരിക്കുന്ന മലയാളികളും 'ഊട്ടീലായാലും കുവൈറ്റിലായാലും ഞങ്ങള്‍ക്കിരിക്കുമ്പൊ ചന്തിയില്‍ പുല്ലു തട്ടണം ' എന്ന രീതിയില്‍ വീടുകളുടെ മുന്നില്‍ വലിയ പുല്‍മേടുകള്‍ തന്നെ വളര്‍ത്തിയിരുന്ന വളരെ കുറച്ച് തമിഴരുടെയും ഇടയില്‍ നിന്ന് സുധാകരന്‍ ഞങ്ങളുടെ ഫ്ലാറ്റിലേയ്ക്ക് വരാന്‍ കാരണം എന്റെ റൂം മേറ്റിന്റെ ഒറ്റ നിര്‍ബന്ധം കൊണ്ടായിരുന്നു.പുള്ളീടെ നാട്ടുകാരനാ.

നല്ല അടുക്കും ചിട്ടയും , നല്ല പാചകം , ആരെ വേണേലും എപ്പൊ വേണേലും സഹായിക്കും ഇതൊക്കെയായിരുന്നു എന്റെ ഫ്ലാറ്റിലേയ്ക്ക് ട്രാന്‍സ്ഫര്‍ കിട്ടാന്‍ പുള്ളിക്കുണ്ടെന്ന് പറയപ്പെട്ടിരുന്ന പ്ലസ് പോയിറ്റുകള്‍ . എന്നാല്‍ , വന്നുകേറി പിറ്റേ ദിവസം മുതല്‍ ദേഹത്ത് വന്നിരിക്കുന്ന ഒരു കൊതുകിനെ കയ്യെടുത്തടിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. 'ചോരയല്ലെ...പോട്ടെന്ന്' ഇതാണു പോളിസി !

പക്ഷെ വൃത്തിയും വെടുപ്പും ,ഇതിന്റെ കാര്യത്തില്‍ സമ്മതിച്ചു കൊടുക്കണം . ഫുള്‍ ടൈം എക്സിക്യൂട്ടീവായെ നടക്കു. ഒന്നിനോ രണ്ടിനോ പോണം എന്ന് തോന്നുമ്പൊ ആ മുഖം വല്ലാതങ്ങു ഡെസ്പ് ആകും . 'ശെ..ഇതൊക്കെ ഇനി ഊരണോല്ലോ' ;)

അതുമാത്രമല്ല, പുള്ളി ഒരു ദിവസം ആര്‍ക്കോ കാര്യമായി ഇമെയില്‍ അയക്കുന്നു. കടുകട്ടി ഇംഗ്ലീഷില്‍ , പക്കാ ഒഫീഷ്യല്‍ ലാങ്ങ്വേജില്‍ !ഞാന്‍ കരുതി, ഏതൊ കമ്പനിക്ക് റെസ്യൂമയക്കുകയാണെന്ന്. പക്ഷെ ഏറ്റവും താഴെ 'വിത് ലവ്, യുവര്‍ റെസ്‌പെക്റ്റട് അച്ചന്‍ ' എന്ന് ! വാട്ട് ദ ഹെല്‍ !! സ്വന്തം മോള്‍ക്ക് ഇമെയില്‍ അയച്ചതാ !

ഒരിക്കല്‍ കമ്പനിയിലെ സെക്യൂരിറ്റി ചെക്കിങ്ങിനു കുറച്ച് കൂടുതല്‍ സമയം നില്‍ക്കേണ്ടി വന്നതിനാല്‍ , അവിടെ നിന്നിരുന്ന എല്ലാരും കാണ്‍കെ പുള്ളി മൊബൈലെടുത്ത് സൂപ്പര്‍വൈസറെ വിളിച്ചു,

"മാഡം , ഐ ആം അറ്റ് ദ ലേറ്റ്. ഐ വില്‍ ബി ഗേറ്റ്" (ഞാന്‍ ഇപ്പൊ സെക്യൂരിറ്റി ഗേറ്റിലാ...താമസിക്കും ന്ന്). ഇതാണു താരം .

സുധാകര്‍ എങ്ങനെ എന്റെ ജീവിതത്തിലേയ്ക്ക് കടന്നുവന്നു ?

അന്നൊരു ഞായറാഴ്‌ച. പതിവുപോലെ ജിമ്മില്‍ പോയി പരിപ്പിളകി, റൂമില്‍ വന്ന് ഫ്രിഡ്ജ് തുറന്ന് പാലെടുത്ത ഞാന്‍ ഒരല്‍പം അമാന്തിച്ചു. ഇന്നലെ എടുത്തതില്‍ നിന്നും ഒരല്‍പം കുറവ്.

ഓ, ഇന്നലെ ഒരല്‍പം കൂടുതല്‍ എടുത്തിട്ടുണ്ടാകും . എനിക്ക് വേണ്ട പാലെടുത്തിട്ട് ഞാന്‍ അത് തിരിച്ച് വച്ചു. പിറ്റേ ദിവസം അതെടുത്ത ഞാന്‍ ഒന്നുകൂടി ഞെട്ടി. വീണ്ടും അളവ് കുറവ് ! വട്ട് ദ ഹെല്‍ ! എന്റെ സഹമുറിയന്‍മാരാണു മധുച്ചേട്ടനും വിനോദും .അന്നു രാത്രി തന്നെ രണ്ടുപേരെയും ഞാന്‍ ചോദ്യം ചെയ്തു. നോ, എന്നോടൊപ്പം ഡേ ഷിഫ്റ്റിലുള്ള അവര്‍ എടുത്തിട്ടില്ല. അപ്പൊ ആരാ ? നൈറ്റ് ഷിഫ്റ്റിലെ ആരെങ്കിലും ? നൈറ്റ് ഷിഫ്റ്റില്‍ ഒരാളെ എന്റെ ഫ്ലാറ്റിലുള്ളു. സുധാകര്‍ !

പോട്ടെ, സാരില്ല എന്ന് കരുതി ഞാന്‍ ഒരു പുതിയ കുപ്പി പാല്‍ കൂടി വാങ്ങിച്ചത് ഞാന്‍ പോലും അറിയാതെ രണ്ടു ദിവസം കൊണ്ട് തീര്‍ന്നപ്പോള്‍ എന്റെ കുരുപൊട്ടി ! കള്ളനെ പിടിക്കുന്ന കേരളാ പോലീസോ..? കൊല്ലും ഞാന്‍ !

രംഗം : ഞാന്‍ പാല്‍കുപ്പിയിലേയ്ക്ക് ഒരല്‍പം സര്‍ഫ് ഇടുന്നു. അളവ് കൂടാന്‍ പാടില്ല. പതയും. മാത്രവുമല്ല, ടേസ്റ്റ് വ്യത്യാസമുണ്ടാകും . എല്ലാം പാകത്തിലായി എന്നുറപ്പുവരുത്തി കുപ്പി വീണ്ടും ഫ്രിഡ്‌ജില്‍ വച്ചു.

ഇനിയെടുക്കുന്നവന്‍ ആരാന്ന് നാളെ അറിയും . അടയാളങ്ങള്‍ കക്കൂസില്‍ ! ;)

പിറ്റേ ദിവസം കള്ളനെ പിടിച്ചാല്‍ എന്തൊക്കെ ഡയലോഗ്‌സ് അടിക്കണം? സുരേഷ്ഗോപിയെപ്പോലെ 'ഓര്‍മ്മയുണ്ടോ ഈ പാല്‍ ?' ? അല്ലെങ്കില്‍ മമ്മൂട്ടിയെപ്പോലെ 'പാലെന്താണെന്നറിയണെങ്കില്‍ സെന്‍സുണ്ടാവണം , സെന്‍സിബിലിറ്റിയുണ്ടാവണം , സെന്‍സിറ്റിവിറ്റിയുണ്ടാവണം ' ?അതോ ഇനി ലാലേട്ടനെപ്പോലെ 'ജഗന്നാഥന്‍ വന്നു...ഒത്തിരി പാല്‍ കുടിക്കാനും പാല്‍ കുടിപ്പിക്കാനും '?

ഇങ്ങനെ പലതും മനസ്സില്‍ ചിന്തിച്ച് ഡ്യൂട്ടി കഴിഞ്ഞ് റൂമിലെത്തിയ ഞാന്‍ കാണുന്നത് മൊബൈലും ചെവിയിലൊട്ടിച്ച് പരക്കം പായുന്ന മധുച്ചേട്ടനെയാണ്.

"ഇപ്പൊ എങ്ങനുണ്ട് റാഫീ? പ്രശ്നാ? അല്ല എഹിനിപ്പോ എന്താ പ്രത്യേകിച്ച്..? എല്ലാം ഫ്രെഷായിരുന്നല്ലോ" നടക്കുന്നതിനിടയില്‍ മധുച്ചേട്ടന്‍ .

ഫോണ്‍ കട്ടായി. ഡെസ്പായി പുള്ളി റൂമില്‍ കയറി വന്നു.

'എന്താ ചേട്ടാ?" ഞാന്‍

"എന്തു പറയാനാടാ...റാഫിയും പെണ്ണുമ്പിള്ളേം കൂടി വന്നു...ഞാന്‍ അവര്‍ക്ക് ഫ്രിഡ്‌ജിലിരുന്ന പാലെടുത്ത് ചായേം പലഹാരോം കൊടുത്തു..ഇപ്പൊ ദേ വിളിച്ചു പറയുന്നു...അവള്‍ വീട്ടിലെത്തിയുടനെ കക്കൂസില്‍ കേറി കതകടച്ചതാ. അവനു പോകാന്‍ വേറെ കക്കൂസില്ലെന്ന്..വയറിളക്കാന്ന്"

വാട്ട് ദ ഹെല്‍ !! ചായ = പാല്‍ + തേയില + പന്‍ചസാര = പാല്‍ + സര്‍ഫ് + തേയില + പന്‍ചസാര !

മനസ്സിലായി, എല്ലാം മനസ്സിലായി. ചക്കിനു വച്ചത് വല്ലവന്റേം അവന്റെ പെണ്ണുമ്പിള്ളേടേം കൊക്കിനു കൊണ്ടെന്ന്
പറഞ്ഞ പോലായി !

എന്താ ഉണ്ടായേന്ന് മിണ്ടാനും പറ്റില്ല. ഇനിയിപ്പോ എന്തു ചെയ്യും ? എന്റെ ഡയലോഗെല്ലാം പാഴായോ? സമ്മതിക്കില്ല ഞാന്‍ .ഞാന്‍ വീണ്ടും ഒരു കുപ്പി പാല്‍ കൂടി വാങ്ങി. ഒരല്‍പം കുടിച്ച് വീണ്ടും സര്‍ഫ് കലക്കി.

രംഗം : പിറ്റേന്ന് ഡ്യൂട്ടി കഴിഞ്ഞു വരുന്ന ഞാന്‍ കാണുന്നത് എക്സിക്ക്യൂട്ടീവല്ലാത്ത, ഒരു ടവല്‍ മാത്രമുടുത്ത് ടോയിലറ്റില്‍ കേറിയിറങ്ങുന്ന സുധാകറിനെയാണ്. ആദ്യമൊക്കെ പയറുപോലെ കേറിപ്പോയിരുന്ന പുള്ളി, പിന്നെ പിന്നെ ഇഴഞ്ഞുകേറി, ഇഴഞ്ഞുതന്നെയിറങ്ങും .

അല്ലേലും പണ്ടേ എനിക്കങ്ങനാ, എന്റെ പാലില്‍ തൊട്ടാല്‍ ഞാന്‍ എന്തും ചെയ്യും ;)

14 comments:

 1. അതേ..കൃസ്ത്മസന്‍ ആശംസിക്കാന്‍ നിങ്ങള്‍ വൈകിയല്ലെ...ആശംസിച്ചോളു..എനിക്ക് വിഷമമില്ല.. ;)

  നല്ലവനായ എനിക്ക് നിങ്ങളുടെ എല്ലാം ആശംസകള്‍ നേര്‍ന്നുകൊണ്ട്...

  ReplyDelete
 2. അല്പം പാലിന് വേണ്ടി ഈ കടും കൈ വേണമായിരുന്നോ? ;-)
  കലക്കി...!!!

  ReplyDelete
 3. എന്നാലും പാലിന് വേണ്ടി ഇത്രക്കങ്ങോട്ടു വേണാരുന്നോ...
  എന്തായാലും കലക്കി

  ReplyDelete
 4. ഹി.ഹി.കലക്കി.നാഴൂരി പാലു കൊണ്ടു എന്തെല്ലാം പ്രശ്നങ്ങളാണെന്റെ ദൈവമേ.:)
  പാലുപുരാണത്തേക്കാള്‍ ഇരട്ടി ചിരിപ്പിച്ചു കുടുംബപുരാണംസ്..:)

  ReplyDelete
 5. appo palanu prasnam alle... kollam

  ReplyDelete
 6. പാലു പുരാണം കലക്കി. അല്ലേലും പാലും സര്‍ഫും നല്ല ചേര്‍ച്ച ആണെന്ന് കേട്ടിടുണ്ട്.

  ReplyDelete
 7. പാല് പണി.....(പാലു കൊടുത്ത പണി എന്നു കവി സാരം)

  ReplyDelete
 8. പാലുപുരാണം കലക്കി, രസിപ്പിച്ചു.
  ആശംസകള്‍

  ReplyDelete
 9. ദീ‌പ്സേ..ഞെരിപ്പന്‍! :-)
  അവസാനത്തെ കൊക്കിനു കൊള്ളുന്ന ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല! Super comedy!.

  ReplyDelete
 10. ഈ പാലെന്ന് പറയുന്നത് ഇത്ര വല്യ പ്രശ്നക്കാരനാല്ലേ?കുഞ്ഞിലേ മുതലേ പാലിഷ്ടമല്ലാ‍ത്തത് എന്തു നന്നായി :)

  ReplyDelete
 11. പാലിന് നീ ഇത്രേം പണി കാണിച്ചു
  അപ്പൊ നിന്റെ സ്വര്‍ണം വല്ലോരും കട്ടാലോ ?
  ഈശ്വരാ....ആലോചിക്കാന്‍ പോലും വിയ

  ReplyDelete
 12. താങ്കളുടെ അവതരണം മനോഹരമായിരിക്കുന്നു....

  ReplyDelete