പട്ടാളം ജാനു അഥവാ ജാനുവേടത്തി ! ആറടിപ്പൊക്കം , വിരിഞ്ഞനെന്‍ച്, ഭൂമികുലുക്കിയുള്ള നടത്തം , ആരെയും വകവയ്ക്കാത്ത പെരുമാറ്റം ഇതൊക്കെയായിരുന്നു ജാനുവേടത്തിയുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ എന്ന് കരുതിയെങ്കില്‍ , സോറി, തെറ്റി. കഷ്ടിച്ച് അന്‍ചടി പൊക്കം , കൂനിക്കൂടിയുള്ള നടത്തം . ആരെയും വകയിരുത്തിക്കളയുന്ന സംസാരം ഇതൊക്കെയായിരുന്നു ജാനുവേടത്തി.
ജാനുവേടത്തിയും പട്ടാളവുമായുള്ള ബന്ധം ? അതേ, അങ്ങ് കാശ്മീരിലിരുന്നു, ഒരു കാക്ക പറക്കുന്നത് കണ്ടാലും 'ദോണ്ട്രാ..തീവ്രാദി' എന്നും പറഞ്ഞ് തലങ്ങും വിലങ്ങും വെടിവച്ചുകളിക്കുന്ന പാവം കെട്ടിയോനായ ശേഖരേട്ടനായിരുന്നു.വലിയ തോക്കുകള്‍ കയ്യിലിട്ടുകറക്കിയിരുന്ന ശേഖരേട്ടന് ജാനുവേടത്തിയുടെ മുന്നില്‍ വന്നാല്‍ പെട്ടെന്ന് ഉണ്ട കളഞ്ഞ കേരളാ പോലീസിനെപ്പോലാകും !
എന്നും രാവിലെ ഐശ്വര്യമുള്ള മുഖം തന്നെകാണണം എന്ന് വാശിയുണ്ടായിരുന്ന ജാനുവേടത്തി, കിടക്കുന്നതിന്റെ എതിരെ ചുവരില്‍ ശിവന്റെ വലിയ ഒരു പടമൊട്ടിക്കുകയും രാവിലെ എഴുന്നേറ്റ് ശിവനെ നോക്കിയതും ശിവന് കണ്ണടച്ചു കളയുകയും ചെയ്തു എന്ന് നാട്ടുകാര്‍ പറയുന്നു. എന്തായാലും അത്രയ്ക്കുണ്ട് എരണം !
പുള്ളിക്കാരിക്ക് ഒരു മോളുണ്ട്. രാത്രി ഉറങ്ങുന്നതിനിടയിലും ഉണര്‍ന്നുണര്‍ന്ന് ഡിന്നര്‍ കഴിക്കുന്ന സ്വഭാവം ! ഇന്‍ഡ്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്നെ ഈ ജാതി ഐറ്റെംസ് ഇവിടുണ്ടെന്നറിഞ്ഞിരുന്നേല്‍ സായിപ്പന്മാര് ഇങ്ങോട്ട് വരില്ലായിരുന്നു !
പട്ടാളക്കാരന്റെ ഭാര്യയായതുകൊണ്ടു മാത്രം പട്ടാളം ജാനു എന്ന വിളിപ്പേരു ചുമക്കേണ്ടി വന്നെങ്കിലും വീട്ടില്‍ ഒരല്പം പട്ടാളച്ചിട്ടയൊക്കെ ജാനുവേടത്തി പിന്തുടര്ന്നിരുന്നു. രാവിലെ എഴുന്നേല്‍ക്കുന്നത്, പ്രാതല്‍ കഴിക്കുന്നത്, സീരിയല്‍ കാണുന്നത് എന്തിനേറെ കക്കൂസില്‍ പോകുന്നതു മുതല്‍ പിള്ളേരെ സ്നേഹിക്കുന്നതിനു വരെ ടൈം ടേബിള്‍ ! സ്നേഹിക്കാനുള്ള ടൈമായിക്കഴിഞ്ഞാല്‍ മോളെ വിളിച്ച് 'മോളെ...നീ അങ്ങു ക്ഷീണിച്ചു പോയീട്ടാ'
എന്നൊക്കെ പറഞ്ഞ് മുടിയില്‍ തടവിരുന്ന ജാനുവേടത്തി ആ ടൈം കഴിഞ്ഞാല്‍ 'പോയിരുന്ന് പഠിക്കെടി നശൂലമേ' എന്ന് പറഞ്ഞ് മോള്‍ടെ ചിറിക്ക് കുത്തി പറഞ്ഞയക്കും !
അങ്ങനെയിരിക്കെ,കുറെ കാലമായി പട്ടാളത്തിലായിരുന്ന ശേഖരേട്ടനു കാര്‍ഗില്‍ യുദ്ധസമയത്ത് പെട്ടെന്ന് ജാനുവേടത്തിയെക്കാണണം എന്നൊരു ഉള്‍വിളിയുണ്ടാകുകയും തോക്ക്, ഉണ്ട, യൂണിഫോം ഇത്രയം മാത്രം ബാക്കിവെച്ച് മറ്റെല്ലാ സ്ഥാവരജംഗമവസ്തുക്കളുമായി സധൈര്യം ജാനുവേടത്തിയുടെ അടുത്തേയ്ക്ക് വരുകയും ചെയ്തു. ഒരകന്ന ബന്ധുകൂടിയായ തൊട്ടപ്പുറത്തെ വീട്ടിലെ അശോകേട്ടനും പട്ടാളത്തില്‍ , അതും കാര്‍ഗിലില്‍ .
രാജ്യസ്നേഹം കാരണം പുള്ളി അവിടെയും ഭാര്യാസ്നേഹം കാരണം ശേഖരേട്ടന് ഇവിടെയും !
ഒരു ദിവസം ഭാര്യാസമേതനായി പഴങ്കഞ്ഞി കുടിച്ചുകൊണ്ടിരുന്ന ശേഖരേട്ടന് കാര്‍ഗിലില്‍ നിന്നും ഫോണ്‍ വന്നു.അശോകേട്ടന് വെടിയേറ്റു മരിച്ചു ! ഈ വിവരം അശോകേട്ടന്റെ വീട്ടുകാരെ അറിയിക്കണം . എങ്ങനെ പറയും എന്നറിയാതെ വിഷമിച്ചു നിന്ന ശേഖരേട്ടനെ ജാനുവേടത്തി രക്ഷിച്ചു. പുള്ളിക്കാരി ഉടന്‍ തന്നെ അശോകേട്ടന്റെ വീട്ടിലേയ്ക്ക് ഫോണ്‍ ചെയ്ഥു. ഫോണെടുത്ത അശോകേട്ടന്റെ ഭാര്യയോട്,
"ടീ ശ്യാമളേ...പട്ടാളത്തീന്ന് വിളിച്ചിരുന്നു..പേടിക്കാനൊന്നുമില്ല..മ്മടെ അശോകേട്ടന് മരിച്ചെന്ന്"
അപ്പുറത്തെ തലയ്ക്കല്‍ നിന്നും നിലവിളി ഉയര്‍ന്നപ്പോഴും പ്രശ്നം സിമ്പിളായിസോള്‍വ് ചെയ്ത ഭാവം ജാനുവേടത്തീടെ മുഖത്ത് ! ഇതാണു ജാനുവേടത്തി.
അശോകേട്ടന്റെ ബോഡി നാട്ടില്‍ കൊണ്ട് വന്നു. മന്ത്രിമാരും ലോക്കല്‍ നേതാക്കളുമുള്‍പ്പടെ എല്ലാ പേരും
അന്ത്യാന്‍ചലിയര്‍പ്പിക്കാനെത്തി. മക്കള്‍ക്ക് സൌജന്യ വിദ്യാഭ്യാസം , പഠിത്തം കഴിഞ്ഞാലുടനെ ജോലി, അശോകേട്ടന്റെ
ഭാര്യയ്ക്ക് ജോലി, വന്‍ സാമ്പത്തിക സഹായം തുടങ്ങി മന്ത്രിമാരുടെ വാഗ്ദാനങ്ങള്‍ കേട്ട് കണ്ണുതള്ളിപ്പോയ ജാനുവേടത്തി ആ തിരക്കിനിടയിലും അടുത്ത് നിന്നിരുന്ന ശേഖരേട്ടനെ നുള്ളിക്കൊണ്ടു പറഞ്ഞു,
'കണ്ടാ..കണ്ടാ..ഓരോന്ന് കിട്ടണ കണ്ടാ...നിങ്ങക്ക് യുദ്ധം കഴിയണ വരെ അവിടെക്കിടന്നാ പോരായിരുന്നോ മനുഷ്യേനേ" ദേ കിടക്കുന്നു ! ഇതാണു ജാനുവേടത്തി.
അശോകേട്ടന് എന്ന അകന്ന ബന്ധു മരിച്ചതിന്റെ ഫോര്മാലിറ്റിയില് മറ്റു പെണ്ണുങ്ങളോടൊപ്പം കൂടിയിരുന്ന് ജാനുവേടത്തിയും നിലവിളി തുടങ്ങി. പെട്ടെന്ന് സ്വന്തം വീട്ടിലെ കോഴി അവിടെ കറങ്ങി നടക്കുന്ന കണ്ട് ജാനുവേടത്തി കരച്ചില് പെട്ടെന്ന് നിര്‍ത്തി. ഉടനെ മോളെ വിളിച്ചു,
"ടീ...നീ ഒന്നിങ്ങ് വന്നിരുന്ന് കരഞ്ഞേ..അമ്മ കോഴിയെ അടച്ചിട്ടിട്ട് ഇപ്പ വരാം " ഇതാണു ജാനുവേടത്തി.
അങ്ങനെ ഒരിക്കല്‍ അശോകേട്ടനു ആണ്ടു ബലിയിടാന്‍ തിരുവല്ലത്ത് അശോകേട്ടന്റെ വീട്ടുകാരോടൊപ്പം ശേഖരേട്ടനും ജാനുവേടത്തിയും പോയി.
ബലിച്ചോറുരുട്ടി കല്ലില്‍ വച്ച് കാക്ക അത് വന്നെടുക്കാന് അശോകേട്ടന്റെ ഭാര്യയും മകന്നും വെയിറ്റ് ചെയ്യുന്നു.
ഒരു കാക്ക പറന്നു വരും , എടുത്തു എടുത്തില്ലാ എന്ന് പറഞ്ഞ് പറന്നു പോകും . വീണ്ടും വരും , തൊട്ടു തൊട്ടില്ലാന്ന് പറഞ്ഞ് വീണ്ടും പോകും . കുറെ തവണ ഇതാവര്‍ത്തിച്ചപ്പോള്‍ ജാനുവേടത്തി ഇടപെട്ടു.
"ടീ...ശ്യാമളേ...നീ അവിടുന്നങ്ങ് മാറിക്കേടി...അശോകേട്ടനിപ്പഴും നിന്നെ പേടിയാ"
ഇതാണു ജാനുവേടത്തി എന്ന പട്ടാളം ജാനു. വായില്‍ തോനുന്നത് സ്ഥലവും കാലവും നോകാതെ പറയും .
ഈ ജാനുവേടത്തി മരിച്ചിട്ടിപ്പൊ 6 വര്‍ഷമാകുന്നു. ഇത് ഒരു സ്മരണ.
Sunday, January 17, 2010
Subscribe to:
Posts (Atom)